ധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നും ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം തുടരുമെന്നുമാണ് പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും പ്രവചിച്ചത്. കോൺഗ്രസ് ഭരണത്തിൽ പൊറുതിമുട്ടിയ രാജസ്ഥാൻ ജനത, തങ്ങളുടെ രക്ഷകരായി ബിജെപിയെ തെരഞ്ഞെടുക്കും എന്നതിൽ സംശയമൊന്നുമുണ്ടായിരുന്നില്ല. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസം എക്സിറ്റ് പോളുകളിൽ പ്രതിഫലിച്ചപ്പോൾ അന്തിമ ഫലം ബിജെപിക്കൊപ്പം നിന്നു. നാലിൽ മൂന്നിടത്തും ബിജെപി ജയിച്ചപ്പോൾ കോൺഗ്രസ് ജയം തെലുങ്കാനയിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. എന്തായാലും, ബിജെപിയുടെ കേന്ദ്രീകൃത നേതൃത്വത്തിന്റെ വിജയമാണ് ഇന്നുണ്ടായതെന്ന് നിസംശയം പറയാം. പാർട്ടിയിലെ ഭിന്നതകളെ ദേശീയ നേതൃത്വം നിശബ്ദരാക്കി, ജയിക്കാവുന്ന സ്ഥാനാർത്ഥികളെ ഗ്രൂപ്പിന് അതീതമായി നിർത്തിയപ്പോൾ ജനഹിതം അനുകൂലമായതിന്റെ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. എന്തായാലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അവ ബിജെപി ദേശീയ അദ്ധ്യക്ഷനായ ജെപി നദ്ദയിലൂടെ പ്രാവർത്തികമായി. ഒരിടത്തും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ, നരേന്ദ്രമോദി നായകനായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സംസ്ഥാനത്തിലും പാർട്ടി വെന്നിക്കൊടി പായിച്ചപ്പോൾ, ഈ നീക്കം പരിപൂർണ്ണ വിജയമായി എന്നുവേണം കരുതാൻ. കേന്ദ്രമന്ത്രിമാരും എംപിമാരും മത്സര രംഗത്തുണ്ടായപ്പോൾ ആരാണ് നയിക്കേണ്ടത് എന്ന കാര്യം ഒരിക്കൽ പോലും ബിജെപി കേന്ദ്ര നേതൃത്വം തുറന്നു പ്രഖ്യാപിച്ചില്ല. നരേന്ദ്ര മോദി മാത്രമായിരുന്നു ബിജെപിയുടെ മുമ്പിൽ ഉണ്ടായിരുന്നത്. അതേസമയം, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന നേതാക്കളെ എല്ലാവരെയും, ഒപ്പം നിർത്താനായതാണ് ബിജെപിക്ക് വലിയ നേട്ടമായി.
എന്തായാലും, മോദി പ്രഭാവം ശക്തമാണെന്നതാണ് ഈ വിജയത്തിലെ ഏറ്റവും പ്രധാന ഘടകം. സ്ത്രീ വോട്ടർമാരെ ചേർത്തു നിർത്താൻ കഴിയുന്നുവെന്നതാണ് രണ്ടാം ശക്തി. പ്രതിപക്ഷത്തിന്റെ മോദി വിരുദ്ധ ആക്ഷേപങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് വാദിക്കാനും ഈ വിജയങ്ങളിലൂടെ കഴിയുമെന്നതാണ് ബിജെപിക്ക് നൽകുന്ന ത്രിമാന ജയ വസ്തുത. കൂടാതെ, രണ്ട് സംസ്ഥാനങ്ങൾ പിടിച്ചെടുത്ത് ഹിന്ദി ഹൃദയ ഭൂമിയിൽ വീണ്ടും കാവി നിറം കൂട്ടുകയാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ, ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്താകുമെന്നതിൽ സംശയമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപി തിളങ്ങും വിജയത്തിലേക്ക് കടക്കുന്നത് സംഘടനാ കരുത്തിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിർത്തിയ ബിജെപി രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്‌ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്‌ഗഡും ജനം പാർട്ടിയെ കൈവിട്ടു. എന്തായാലും, ആരെയും മുഖ്യസ്ഥാനത്തതേക്ക് ഉയർത്തിക്കാണിക്കാതെയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ആരുവേണമെങ്കിലും മുഖ്യമന്ത്രി ആയേക്കാം എന്ന് ജനവും വിലയിരുത്തി. കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. മോദി പ്രചാരണത്തിലുടനീളം ജനങ്ങളിലെത്തുകയും ചെയ്തു. എന്തായാലും, അതിന്റെ ഫലം കോൺഗ്രസിന്റെ കൈയിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളും മാറി ചിന്തിച്ചു എന്നതായിരുന്നു.

