Friday, May 17, 2024
spot_img

കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്; പ്രതികളായ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം : കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന കിരൺ കുമാർ, പൊന്മുടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇരുവരും നേരത്തെ സസ്പെൻഷനിലായിരുന്നു.

കിരണും വിനീതും ചേർന്ന് ടൈൽസ് കട നടത്തിയിരുന്നു. എന്നാൽ ഇത് കനത്ത സാമ്പത്തിക നഷ്ടമാണ് ഇവർക്കുണ്ടാക്കിയത്.ഈ നഷ്ടം നികത്താനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കാട്ടാക്കട മാർക്കറ്റ് ജംഗ്ഷനിൽ ഇലക്ട്രോണിക്സ് കട നടത്തുന്ന മുജീബിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ തീരുമാനിച്ചത്. പോലീസ് വേഷത്തിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം.

കട പൂട്ടി വീട്ടിലേക്കു പോയ മുജീബിനെ കാറിൽ പിന്തുടർന്ന സംഘം രാത്രി പത്ത് മണിയോടെ പൂവച്ചൽ ജംക്‌ഷനു സമീപം കാർ തടഞ്ഞു. ഇഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. കയ്യിൽ തോക്കുണ്ടായിരുന്നു. കാറിനുള്ളിൽ സ്റ്റിയറിങിലും ഡ്രൈവർ സീറ്റിനു മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് മുജീബിന്റെ ഇരു കൈകളും ബന്ധിച്ച ശേഷം മുജീബിനെ ഭീഷണിപ്പെടുത്തി. എന്നാൽ മുജീബ് ബഹളമുണ്ടാക്കിയതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതികൾ കടന്നു കളഞ്ഞു. മുജീബ് തുടർച്ചയായി ഹോണടിച്ചതോടെ നാട്ടുകാർ ശ്രദ്ധിക്കുകയും നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വിലങ്ങ് അഴിച്ചാണ് മുജീബിനെ സ്വാതന്ത്രനാക്കിയത്‍. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസിനെ പ്രതികളിലെത്തിച്ചത്.

Related Articles

Latest Articles