വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില് പെണ്സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി രക്ഷപ്പെടാന് ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിലായി. ഹരിയാന പല്വാല് സ്വദേശി വിനോദാണ് (23) പിടിയിലായത്. ചൊവ്വാഴ്ച മണാലി സിവില് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില് വെച്ചാണ് ഇയാൾ പെണ്സുഹൃത്തായ ഭോപ്പാല് സ്വദേശിനി ശീതള് കൗശലി(26)നെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നുവര്ഷമായി വിനോദും ശീതളും അടുപ്പത്തിലായിരുന്നു. ഇക്കഴിഞ്ഞ 13-നാണ് ഇരുവരും മണാലിയിലെത്തി സ്വകാര്യഹോട്ടലില് മുറിയെടുത്തത്. 15-ന് രാത്രി 7.30-ഓടെ വിനോദ് ചെക്ക്ഔട്ടിനായി റിസ്പഷനിലെത്തി. മടക്കയാത്രയ്ക്കായി ഇയാള് ടാക്സിയും വിളിച്ചുവരുത്തിയിരുന്നു. എന്നാൽ യുവതിയെ ഒപ്പം കാണാത്തത് ഹോട്ടല് ജീവനക്കാരിൽ സംശയമുണ്ടാക്കി. പെൺകുട്ടി ലേയിലേക്ക് പോയെന്നായിരുന്നു വിനോദ് ജീവനക്കാരോട് പറഞ്ഞത്.
വിനോദിന്റെ സ്യൂട്ട്കേസ് കാറിന്റെ ഡിക്കിയില്വെയ്ക്കാന് ശ്രമിച്ചപ്പോള് ഇതിന്റെ അമിതഭാരം കാർ ഡ്രൈവറും ശ്രദ്ധിച്ചു. സ്യൂട്ട്കേസിൽ എന്താണെന്ന് ഡ്രൈവർ ചോദിച്ചതോടെ വിനോദ് പരുങ്ങലിലായി. ഇതോടെ ഹോട്ടല് അധികൃതര് പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ പ്രതി ഹോട്ടലില്നിന്ന് മുങ്ങി.
രാത്രി എട്ടുമണിയോടെയാണ് പോലീസ് സംഘം ഹോട്ടലിലെത്തി സ്യൂട്ട്കേസ് തുറന്നപ്പോഴാണ് അകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പ്രതിക്കായി തിരച്ചിലും ഊര്ജിതമാക്കി. തുടര്ന്ന് മണാലിയില്നിന്ന് ബസില് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്ക്കുള്ളില് സ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയും തമ്മിൽ സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്. മൂന്നുവര്ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. ഇരുവരും നേരത്തെയും മണാലിയില് സന്ദര്ശനം നടത്തിയിട്ടുണ്ട്. സംഭവദിവസം ഇരുവരും തമ്മില് ഹോട്ടല്മുറിയില്വെച്ച് വാക്കുതര്ക്കമുണ്ടായെന്നും തുടര്ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമികനിഗമനം.

