Tuesday, April 30, 2024
spot_img

അറ്റൻഷനിൽ നിൽക്കുന്ന സേനയ്ക്ക് വീണ്ടും അറ്റൻഷൻ കമാൻഡ്! DGP-ക്ക് നൽകിയ ഗാർഡ് ഓഫ് ഓണറിൽ ഗുരുതര പിഴവ്, സല്യൂട്ട് തെറ്റി

തിരുവനന്തപുരം : പുതിയ സംസ്ഥാന പോലീസ് മേധാവിയായി അധികാരമേറ്റെടുത്ത ഡോ. ഷെയ്‌ക്ക് ദർവേഷ് സാഹേബ് ഐപിഎസിന് നൽകിയ ഗാർഡ് ഓഫ് ഓണറിൽ ഗുരുതര പിഴവ്. കമാൻഡ് നൽകിയിരുന്ന ഉദ്യോഗസ്ഥൻ തെറ്റായ കമാൻഡ് നൽകിയതോടെ സേനാംഗങ്ങൾ ആശയക്കുഴപ്പത്തിലാവുകയും സല്യൂട്ട് തെറ്റുകയുമായിരുന്നു. ഇന്നലെ പോലീസ് ആസ്ഥാനത്ത് വച്ച് നൽകിയ ഗാർഡ് ഓഫ് ഓണറിലാണ് ഗുരുതരമായ ഈ പിഴവുണ്ടായത്.

അറ്റൻഷനിൽ നിൽക്കുന്ന സേനയ്ക്ക് വീണ്ടും അറ്റൻഷൻ എന്ന കമാൻഡ് വന്നതോടെയാണ് ആശയക്കുഴപ്പമുണ്ടായതും തുടർന്ന് പിഴവുണ്ടായതും. കമാൻഡ് കേട്ട പകുതി പേർ തോക്ക് ഉയർത്തി. ചിലരാകട്ടെ നിന്ന നിൽപ്പിൽ തന്നെ നിന്നു. കമാൻഡ് തെറ്റിയെന്ന് മനസ്സിലായതോടെ പോലീസ് മേധാവി സല്യൂട്ട് നൽകി മടങ്ങി.

സുപ്രധാന ചടങ്ങിൽ വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി വേണമെന്ന ആവശ്യം പോലീസ് സേനയിലെ പല കോണുകളിൽ നിന്നും ഇതിനോടകം ഉയർന്നിട്ടുണ്ട്. ഡിജിപിമാരായ അനന്തകൃഷ്ണൻ, ഡോ ബി. സന്ധ്യ എന്നിവർക്ക് മേയ് 31 നൽകിയ യാത്രയയപ്പിലും സമാനമായ വീഴ്ചകൾ ഉണ്ടായത്. എന്നാൽ നടപടികൾ ഉണ്ടായിരുന്നില്ല. ആകാശത്തേക്ക് വെടി വയ്ക്കുന്ന സമയത്ത് എല്ലാ പോലീസുകാരുടേയും തോക്കിൽ നിന്നും ഒരേ സമയത്ത് വെടിയുതിർക്കണമെന്നാണ് ചട്ടം. എന്നാൽ വനിതാ പോലീസ് സേനാവിഭാഗത്തിൽ ഉണ്ടായിരുന്നവരിൽ ചിലരുടെ തോക്കിൽ നിന്നും വെടി ഉതിർന്നില്ല . ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന സംഭവം.

Related Articles

Latest Articles