Monday, September 21, 2026

ഇന്ത്യൻ സായുധ സേനയുടെ തലപ്പത്ത് നിർണായകമായ നേതൃമാറ്റം!പുതിയ സംയുക്ത സേനാമേധാവിയും നാവിക സേനാ മേധാവിയും ഇന്ന് ചുമതലയേൽക്കും

ദില്ലി : ഇന്ത്യൻ സായുധ സേനയുടെ തലപ്പത്ത് നിർണായകമായ നേതൃമാറ്റം. രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ആയി ജനറൽ എൻ.എസ് രാജാ സുബ്രമണി ഇന്ന് ചുമതലയേലക്കും. ഇന്നലെ വിരമിച്ച ജനറൽ അനിൽ ചൗഹാന് പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. ഇതോടൊപ്പം പുതിയ നാവികസേനാ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും ഇന്ന് അധികാരം ഏറ്റെടുക്കും. ഇന്നുകൂടി സേവനകാലാവധിയുള്ള അഡ്മിറൽ ദിനേഷ് കെ തൃപാഠി വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

വ്യോമ, നാവിക, കര സേനകളെ ഒരുമിച്ച് നിർത്തിക്കൊണ്ട് സംയുക്ത തിയേറ്റർ കമാൻഡുകൾ രൂപീകരിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രപരമായ പരിഷ്കാരങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക മാറ്റങ്ങൾ എന്നത് ശ്രദ്ധേയമാണ്. പുതിയ സി.ഡി.എസ് ജനറൽ രാജാ സുബ്രമണി ഈ പരിഷ്കാരങ്ങൾക്ക് കൂടുതൽ വേഗത നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് അതിർത്തി ലക്ഷ്യമിട്ട് ലഖ്‌നൗ കേന്ദ്രീകരിച്ച് വടക്കൻ തിയേറ്റർ കമാൻഡും, പാകിസ്ഥാൻ അതിർത്തിക്കായി ജയ്പൂരിൽ പടിഞ്ഞാറൻ തിയേറ്റർ കമാൻഡും, തിരുവനന്തപുരം ആസ്ഥാനമാക്കി മാരിടൈം (നാവിക) തിയേറ്റർ കമാൻഡും സ്ഥാപിക്കാനുള്ള വിശദമായ ശുപാർശ കഴിഞ്ഞ ദിവസം വിരമിച്ച ജനറൽ അനിൽ ചൗഹാൻ പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.

ജനറൽ ബിപിൻ റാവത്ത്, ജനറൽ അനിൽ ചൗഹാൻ എന്നിവർക്ക് ശേഷം കരസേനയിൽ നിന്ന് സി.ഡി.എസ് പദവിയിലെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് ജനറൽ എൻ.എസ് രാജാ സുബ്രമണി. 1985 ഡിസംബർ 14-ന് ഗർവാൾ റൈഫിൾസിന്റെ എട്ടാം ബറ്റാലിയനിലാണ് അദ്ദേഹം സൈനിക സേവനം ആരംഭിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമി (NDA), ഇന്ത്യൻ മിലിട്ടറി അക്കാദമി (IMA) എന്നിവടങ്ങളിലെ പഠനത്തിന് ശേഷമായിരുന്നു ഇത്. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ് എന്നിവരേക്കാൾ ഒരു വർഷം ജൂനിയറാണ് അദ്ദേഹം.

ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റ അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പ്രതിരോധ രംഗത്ത് മികച്ച വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗസ്ഥനാണ്. നാഷണൽ ഡിഫൻസ് അക്കാദമിക്ക് പുറമെ ബ്രിട്ടനിലെ ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, യു.എസിലെ നേവൽ വാർ കോളേജ് എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം ഉന്നത പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യ സ്വന്തം നിലയിൽ അത്യാധുനിക അന്തർവാഹിനികൾ നിർമിക്കാനുള്ള പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്ന ഘട്ടത്തിലാണ് അഡ്മിറൽ സ്വാമിനാഥൻ നാവികസേനയുടെ അമരത്തേക്ക് എത്തുന്നത്. പ്രതിരോധ മേഖലയിലെ ഈ വൻ പരിഷ്കാരങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles