Monday, May 20, 2024
spot_img

മുഖം വികൃതമാക്കിയ നിലയിൽ നദിക്കരയിൽ മൃതദേഹം!ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക സഹായത്തോടെ കൊലപാതക കേസ് തെളിയിച്ച് ദില്ലി പോലീസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക സഹായത്തോടെ കൊലപാതക കേസ് തെളിയിച്ച് ദില്ലി പോലീസ്. മുഖം വികൃതമാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊലപാതകത്തിനിരയായ വ്യക്തിയെയും മുഖ്യപ്രതികളെയും കണ്ടെത്താൻ ദില്ലി പോലീസിന് സാധിച്ചത്.

ഈ മാസം 10-നാണ് ദില്ലിയിലെ ഗീത കോളനി മേല്‍പ്പാലത്തിനു താഴെ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ വികൃതമായ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്ന് അറിയാൻ സാധിച്ചുവെങ്കിലും മരിച്ചയാളെ കണ്ടെത്താനുള്ള യാതൊരു തെളിവുകളും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചില്ല.

അന്വേഷണം വഴിമുട്ടിയതോടെയാണ് സാങ്കേതികവിദ്യയുടെ സഹായം തേടാന്‍ പോലീസ് തീരുമാനിച്ചത്. തുടർന്ന് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊല്ലപ്പെട്ട യുവാവിന്റെ മുഖം പുനഃസൃഷ്ടിച്ചു. ചിത്രം വ്യക്തമായതോടെ 500 ഓളം പോസ്റ്ററുകള്‍ അച്ചടിച്ച് പോലീസ് അവ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിക്കുകയും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കവയ്ക്കുകയും ചെയ്തു.

യുവാവിന്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ സഹോദരനാണ് പോലീസുമായി ബന്ധപ്പെട്ടത്. ഇതോടെ ഹിതേന്ദ്ര എന്ന യുവാവാണ് മരിച്ചതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. മൂന്നംഗസംഘവുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഹിതേന്ദ്ര കൊല്ലപ്പെട്ടതെന്ന കാര്യം പോലീസ് കണ്ടെത്തി. സംഘം യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതശരീരം ഉപേക്ഷിക്കുകയുമായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ ഒരു സ്ത്രീയുടെ സഹായവും ഇവർക്ക് ലഭിച്ചു. കേസിൽ ഈ സ്ത്രീ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles