Wednesday, November 4, 2026

പച്ചക്കുപ്പായവും അണിഞ്ഞ് പച്ചപ്പിന്റെ കഥപറഞ്ഞ പച്ചയായ പരിസ്ഥിതി പ്രവർത്തകൻ ! പരിസ്ഥിതിയുടെ പാഠങ്ങൾ പകർന്ന ശോഭീന്ദ്രൻ മാഷ് വിട വാങ്ങി

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു പ്രൊഫസർ ടി ശോഭീന്ദ്രൻ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു.

പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു. റോഡിലെ കുണ്ടും കുഴികളും ഞെളിയൻപറമ്പിലെ മാലിന്യവും പൂനൂർ പുഴയെ മലിനമാക്കുന്ന പെട്രോൾ ബങ്ക് തുടങ്ങിയവയ്ക്കെതിരെ മനുഷ്യക്കൂട്ടായ്മയ്ക്ക് രൂപം നൽകി പട നയിച്ചു.

2007ൽ കേന്ദ്രസർക്കാരിന്റെ വൃക്ഷമിത്ര പുരസ്കാരം, വനമിത്ര പുരസ്‌കാരം, ഒയിസ്‌ക വൃക്ഷസ്‌നേഹി അവാർഡ്, ഹരിതബന്ധു അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരം ശോഭീന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ, അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും ശോഭീന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.

Related Articles

Latest Articles