ലോസ് ഏഞ്ചൽസ്: അറുപത്തിയെട്ടാമത് ഗ്രാമി അവാർഡ് വേദിയിൽ ആത്മീയ ഗുരു ദലൈലാമ തന്റെ ആദ്യ ഗ്രാമി പുരസ്കാരം സ്വന്തമാക്കി. തൊണ്ണൂറാം വയസ്സിൽ അദ്ദേഹം നേടിയ ഈ നേട്ടം സമാധാനത്തിന്റെയും ധ്യാനത്തിന്റെയും സന്ദേശങ്ങൾക്ക് ആഗോളതലത്തിൽ ലഭിച്ച വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ‘മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ’ എന്ന പ്രഭാഷണ സമാഹാരത്തിനാണ് ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറി ടെല്ലിംഗ് വിഭാഗത്തിൽ അദ്ദേഹം അവാർഡിന് അർഹനായത്.
അവാർഡ് നിശയുടെ പ്രീ-ടെലികാസ്റ്റ് ചടങ്ങിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. പ്രശസ്ത ടെലിവിഷൻ അവതാരകൻ ട്രെവർ നോവ, യുഎസ് സുപ്രീം കോടതി ജസ്റ്റിസ് കെറ്റാൻജി ബ്രൗൺ ജാക്സൺ തുടങ്ങിയ എതിരാളികളെ പിന്നിലാക്കിയാണ് ദലൈലാമ ഈ പുരസ്കാരം നേടിയത്. ദലൈലാമയ്ക്ക് വേണ്ടി പ്രോജക്റ്റിന്റെ സഹകാരിയും ഗായകനുമായ റൂഫസ് വെയ്ൻറൈറ്റ് പുരസ്കാരം ഏറ്റുവാങ്ങി. താൻ ദലൈലാമയല്ല എന്ന തമാശയോടെ പ്രസംഗം ആരംഭിച്ച അദ്ദേഹം, കരുണയുടെയും അറിവിന്റെയും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരമൊരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞു.
ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ദലൈലാമയുടെ ആത്മീയ പ്രഭാഷണങ്ങൾ കോർത്തിണക്കിയതാണ് ഈ ഓഡിയോ ബുക്ക്. ആത്മീയ ചിന്തകളെ സംഗീതത്തിന്റെ സഹായത്തോടെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തയ്യാറാക്കിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സമാധാനത്തിന്റെ സന്ദേശം പകർന്നുനൽകുന്ന ദലൈലാമയുടെ ഈ ഗ്രാമി നേട്ടം കലയും ആത്മീയതയും ഒന്നിക്കുന്ന അപൂർവ്വ നിമിഷമായി മാറി.

