Tuesday, December 23, 2025

നൂറ് ദിവസം പിന്നിട്ട് ആർആർആർ; രാജ മൗലിയുടെ ദൃശ്യ വിസ്മയം പ്രേക്ഷകർക്ക് മുന്നിലെത്തിയത് മാർച്ച് 25ന്

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ബാ​ഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണം. സിനിമാസ്വാദകരുടെ പ്രിതീക്ഷകൾക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനും. ഇപ്പോഴിതാ ചിത്രം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത് മാർച്ച് 25നാണ്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആർആർആർ’. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു. സീ5 പ്ലാറ്റ്ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തി. 650 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു. ഇതുവരെ 1150 കോടി ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles