കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (Anil Panachooran Death Anniversary)കടന്നുപോയിട്ട് ഒരു വർഷം. കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. ലൗഡ്‌സ്പീക്കർ, മകന്റെ അച്ചൻ, പാസഞ്ചർ, മലയാളി, സമയം, സ്വന്തം ലേഖകൻ, വിന്റർ, ബോഡിഗാർഡ്, ചേകവർ, നല്ലവൻ, ഒരിടത്തൊരു പോസ്റ്റ്മാൻ, ഒരു സ്മോൾ ഫാമിലി, പയ്യൻസ്, പെൺപട്ടാളം, റിങ് ടോൺ, അർജുനൻ സാക്ഷി, ചൈനാ ടൗൺ, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, നോട്ട് ഔട്ട്, സീനിയേഴ്സ് എന്നീ ചിത്രങ്ങളിൽ ഗാനരചനനിർവ്വഹിച്ച അനിൽ പനച്ചൂരാന്റെ ആകസ്മിക വിയോഗം കേരളം ഞെട്ടലോടെയാണ് കേട്ടത്.

എന്നാൽ വളരെ വൈകിയാണ് മലയാള ചലച്ചിത്ര ലോകം അനിൽ പനച്ചൂരാനെ തിരിച്ചറിഞ്ഞതെങ്കിലും, വ്യത്യസ്ഥമായ നിരവധി മലയാള ചലച്ചിത്രഗാനങ്ങളും പനച്ചൂരാനിലൂടെ മലയാളിക്ക് ലഭിച്ചു. ഒരു കാലത്ത് സാംസ്കാരിക സദസുകളിലും കവിയരങ്ങുകളിലും പനച്ചൂരാൻ നിറസാന്നിധ്യമായിരുന്നു. വലയിൽ വീണ കിളി, അനാഥൻ, പ്രണയകാലം, പുലപ്പേടി, ഒരു മഴ പെയ്തെങ്കിൽ, കർണ്ണൻ, കണ്ണീർക്കനലുകൾ എന്നിവയാണ് പ്രധാന കവിതകൾ. ലാൽ ജോസിൻ്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്നു’, എം മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഒട്ടനവധി കവിതകൾക്ക് തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നു പനച്ചൂരാൻ. കവിതകളെക്കുറിച്ച് ആഴത്തിൽ മനസിലാക്കാത്ത സാധാരണക്കാരായ ആളുകൾ പോലും പനച്ചൂരാൻ കവിതകൾ ഹൃദ്യസ്ഥമാക്കിയിരുന്നു.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20 നാണ് ജനനം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംങ്കൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മായയാണ് ഭാര്യ, ഉണ്ണിമായ മകളാണ്.

