കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതിയുടെ സുപ്രധാന വിധി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കർ രതീന്ദ്ര ബോസിന്റെ തീരുമാനത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. മമത ബാനർജിയെ അനുകൂലിക്കുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ശോഭൻദേബ് ചതോപാധ്യായ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചത്. ഹർജിക്കാരന് അനുകൂലമായ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ നിന്നുള്ള ഈ സുപ്രധാന തീരുമാനം പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം നടന്ന വിശദമായ വാദത്തിനിടെ സ്പീക്കറുടെ തീരുമാന പ്രക്രിയയെ കോടതി ആവർത്തിച്ച് ചോദ്യം ചെയ്തിരുന്നു. ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതൃത്വം സമർപ്പിച്ച നിർദ്ദേശം മാസങ്ങളായി മാറ്റിവെക്കുകയും, എന്നാൽ ഇതിന് പിന്നാലെ പാർട്ടിയിലെ വിമത എം.എൽ.എമാരുടെ സംഘം സമർപ്പിച്ച അപേക്ഷ ദിവസങ്ങൾക്കകം സ്പീക്കർ അംഗീകരിക്കുകയും ചെയ്തതിന്റെ പൊരുളാണ് കോടതി ആരാഞ്ഞത്. എങ്കിലും അന്തിമ വിധിയിൽ സ്പീക്കറുടെ നടപടി തൽക്കാലം സ്റ്റേ ചെയ്യാൻ കോടതി തയ്യാറാകാത്തത് മമത ക്യാമ്പിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

