എറണാകുളം ശിവക്ഷേത്രത്തിന് സമീപം ആരംഭിച്ച നോൺ വെജ് കഫെ അടച്ചുപൂട്ടി. ഭക്തരുടെ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി .കഫെയ്‌ക്ക് കോർപ്പറേഷൻ ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് ദേവസ്വം ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു എറണാകുളം ശിവ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ ദർബാർ ആർട്ട് ഗ്യാലറിക്ക് സമീപമാണ് മാംസ ഭക്ഷണം വിൽക്കുന്ന റെസ്റ്റോറന്റ് ആരംഭിച്ചത്.
ക്ഷേത്രത്തിലെ ആചാരപ്രകാരം ചടങ്ങുകൾ നടക്കുന്ന സ്ഥലത്തു മാംസ വിൽപ്പന നടത്തുന്നത് ഭക്തർ ചൂണ്ടിക്കാണിച്ചതോടെ ദേവസ്വം ബോർഡും എറണാകുളം എംഎൽഎയും വിഷയത്തിൽ ഇടപെട്ടിരുന്നു.സമൂഹ മാദ്ധ്യമങ്ങളിൽ റെസ്റ്റോറന്റിനെ കുറിച്ചുള്ള ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു . ഇതേതുടർന്ന് വൻ വിവാദമാണ് ഉണ്ടായത് .റെസ്റ്റോറന്റ് ആരംഭിച്ചത് ദേവസ്വം അറിഞ്ഞില്ലെന്നും ദേവസ്വം ഓഫീസർ വ്യക്തമാക്കി. ഒരു ദിവസം മാത്രമാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിട്ടുള്ളത്. ശ്രദ്ധയിൽപെട്ടപ്പോൾ ഇടപെടുകയായിരുന്നു. ക്ഷേത്ര പരിസരത്ത് മത്സ്യ മാംസങ്ങൾ വിൽക്കാൻ പാടില്ലെന്നിരിക്കെയാണ് റെസ്റ്റോറന്റ് തുടങ്ങിയത്. ദർബാർ ഹാൾ ഗ്രൗണ്ട് എറണാകുളം ശിവക്ഷേത്രത്തിലെ പൂരപ്പറമ്പാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രൗണ്ടിലെ ഫുഡ് സ്റ്റാളുകൾ മത്സ്യ,മാംസാദികൾ വിൽക്കരുതെന്ന നിബന്ധനയോടെയാണ് ലേലം ചെയ്യാറുള്ളത്.

