Monday, June 17, 2024
spot_img

ഓക്സിജൻ ഉണ്ടായിരുന്നു, മരണം മെഡി.കോളജിലെത്തിയശേഷം; ആംബുലൻസിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് പുറത്ത്, തുടർ അന്വേഷണം നടത്തും- ആരോ​ഗ്യമന്ത്രി

പത്തനംതിട്ട: ആംബുലൻസിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് പുറത്ത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോയ ആംബുലൻസിൽ ഓക്സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കൂടാതെ രോ​ഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ തുടരന്വേഷണം നടത്തും എന്നും ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആരോപണം ഉയർന്നതോടെ ജില്ല മെഡിക്കൽ ഓഫിസറോട് ആരോ​ഗ്യ മന്ത്രി റിപ്പോർട്ട് തേടുകയായിരുന്നു.

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ശ്വാസംമുട്ടലിനെ തുടർന്നായിരുന്നു രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രോഗം മൂർച്ഛിച്ചതോടെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകവേ രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളായി. രാജന് ശ്വാസമെടുക്കാൻ കഴിയാതെയായപ്പോൾ ഓക്‌സിജൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ ആംബുലൻസിലെ ഓക്‌സിജൻ സിലിണ്ടർ കാലിയാണെന്ന് ഡ്രൈവർ അറിയിച്ചുവെന്നും കുടുംബം ആരോപിച്ചു.

മാത്രമല്ല അടുത്തുള്ള മറ്റേതെങ്കിൽ ആശുപത്രിയിൽ എത്രയും പെട്ടന്ന് പോകണമെന്നാവിശ്യപ്പെട്ടപ്പോൾ ഡ്രൈവർ കേൾക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചപ്പോഴേക്കും രോഗി മരിക്കുകയായിരുന്നു.

അതേസമയം, മരിച്ച പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ ബന്ധുക്കൾ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പുളിക്കീഴ് പൊലീസ് രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും പുളിക്കീഴ് പൊലീസ് അറിയിച്ചു.

Related Articles

Latest Articles