Monday, May 27, 2024
spot_img

ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാൽ ഹൃദയ ശസ്ത്രക്രിയ വൈകുന്നു; രോഗികൾ ആശങ്കയിൽ; എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്താൻ കാലതാമസമെന്ന് പരാതി. ആവശ്യത്തിന് നഴ്സുമാരില്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ വൈകിക്കുന്നത് എന്നാണ് ആരോപണം. ഇതോടെ മാസങ്ങളായി ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗികൾ ആശങ്കയിലാണ്.

ചെറായി സ്വദേശി ആന്‍റണി ഹൃദയത്തിലെ ബ്ലോക്കിനെ തുടർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയത്. ബ്ലോക്ക് സങ്കീർണ അവസ്ഥയിലായതോടെ എത്രയും വേഗം ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ അറിയിച്ചു. മികച്ച ചികിത്സ സൗകര്യത്തിനൊപ്പം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്താണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ ആന്‍റണി മാർച്ചിൽഎറണാകുളം ജനറൽ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

നിരവധി ബുക്കിംഗ് ഉള്ളതിനാൽ കുറഞ്ഞത് രണ്ട് മാസത്തെ സമയമെടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഏറ്റവും ഒടുവിൽ ജൂൺ ആദ്യവാരത്തിൽ ശസ്ത്രക്രിയ നടത്താമെന്ന് മെഡിക്കൽ സംഘം അറിയിച്ചെങ്കിലും തിയതി പിന്നെയും മാറ്റി വെച്ചുവെന്ന് ആന്‍റണി പറയുന്നു. ആവശ്യത്തിന് നഴ്സുമാരില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ദിവസം ഒരൊറ്റ ശസ്ത്രക്രിയ മാത്രമെ ചെയ്യാൻ കഴിയൂ എന്നത് കൊണ്ടാണ് കാലതാമസമെന്നാണ് നഴ്സിംഗ് സംഘടന പ്രതിനിധികൾ വിശദീകരിക്കുന്നത്.

Related Articles

Latest Articles