ആലപ്പുഴ: കനത്ത കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കു മറിഞ്ഞുവീണ് സുഹൃത്തുക്കൾക്കൊപ്പം ബീച്ച് കാണാനെത്തിയ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്.
ഇന്നുച്ചയ്ക്ക് ആലപ്പുഴ ബീച്ചില്‍ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും മഴയില്‍നിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്. ഇതിനിടെ ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാർ ഉടന്‍ തന്നെ ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.

