മുംബൈ: ഫിഫ ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ മൂന്ന് വയസുകാരന്‍ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. കുടുബത്തോടൊപ്പം ഫ്രാന്‍സ്-അര്‍ജന്‍റീന ഫൈനല്‍ കാണാൻ മുംബൈയിലെ ഒരു ക്ലബിലെത്തിയ കുടുംബത്തിലെ കുട്ടി ശുചിമുറിയിൽ നിന്ന് മടങ്ങിവരവെ കോണിപ്പടിക്ക് ഇടയിലൂടെ താഴേക്ക് തെന്നി വീഴുകയായിരുന്നു എന്ന് പോലീസ് പറയുന്നു. അപകടത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.
11 വയസുകാരനായ മറ്റൊരു കുട്ടിയാണ് മൂന്ന് വയസുകാരന്‍ അപകടത്തില്‍പ്പെട്ട വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. ഗുരുതമായി പരിക്കേറ്റ കുട്ടിയെ കുടുംബാംഗങ്ങളും ക്ലബിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ തലയുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും സാരമായി പരിക്കേറ്റിരുന്നു. പതിനൊന്ന് വയസുകാരന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കുട്ടിയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

