കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. പ്രദീപ് നഗറിന്റെ മകൾ ഗോർവിക നഗർ ആണ് മരിച്ചത്.
ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം വിവാഹംകൂടാൻ പോയതായിരുന്നു പ്രദീപ് നഗർ. ചടങ്ങ് നടക്കുന്ന സ്ഥലമെത്തിയപ്പോൾ ഭാര്യയും മൂത്ത മകളും കാറിൽനിന്നു പുറത്തിറങ്ങി. പ്രദീപ് പിന്നീട് വാഹനം പാർക്ക് ചെയ്യാനായി പോയി. മക്കൾ രണ്ടുപേരും ഭാര്യയ്ക്കൊപ്പമുണ്ടെന്നു കരുതി ഇയാൾ കാർ പരിശോധിക്കാതെ തിടുക്കത്തിൽ ലോക്ക് ചെയ്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി. കാർ പാർക്ക് ചെയ്ത്
രണ്ടുമണിക്കൂറിനുശേഷമാണ് ഇളയകുട്ടി ഒപ്പമില്ലെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞത്. തുടർന്ന് കാറിലെത്തിനോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് കുടുംബം വിസമ്മതിച്ചു

