സത്‌ന : മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത രണ്ടു പേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു. പ്രതികളായ രവീന്ദ്ര കുമാര്‍, അതുല്‍ ബദോലിയ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സത്‌ന ജില്ലയിലാണ് പെണ്‍കുട്ടി അതിക്രൂര പീഡനത്തിനിരയായത് .
പ്രതികള്‍ സംഘം ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം പ്രതികൾ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കട്ടിയുള്ള പദാർത്ഥം കുത്തിക്കയറ്റുകയും ശരീരം മുഴുവന്‍ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. പെൺകുട്ടി നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
സംഭവത്തിനു പിന്നാലെ അടിയന്തിരമായി പ്രതികളുടെ കുടുംബത്തിന് വീടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ മയ്ഹര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കി.പരിശോധനയിൽ ബദോലിയയുടെ വീട് സര്‍ക്കാര്‍ ഭൂമിയിലാണു നിര്‍മിച്ചതെന്നും രവീന്ദ്രകുമാര്‍ അനുമതിയില്ലാതെയാണു വീടു പണിതതെന്നും കണ്ടെത്തിയതോടെ വീടുകൾ തകർക്കാൻ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം അവസാനിക്കുന്നതു വരെ വീടു തകര്‍ക്കരുതെന്ന് ബദോലിയയുടെ കുടുംബം അഭ്യര്‍ഥിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല.

