Friday, May 3, 2024
spot_img

അജ്ഞാത ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിന്റെ വിഡിയോ സന്ദേശം പുറത്ത്

കോഴിക്കോട് : ഇക്കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാത ഗുണ്ടാസംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയ പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടെ വിഡിയോ സന്ദേശം പുറത്ത് വന്നു. സൗദിയിൽനിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഇയാൾ വിഡിയോയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ആരാണ് സംഭവത്തിന് പിന്നിലുള്ളതെന്നോ എവിടെയാണെന്നോ ഇയാൾ വിഡിയോയിൽ പറയുന്നില്ല .

‘325 കിലോ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പൊലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല..’എന്നാണ് ഷാഫി പറയുന്നത്.

അതെസമയം തട്ടിക്കൊണ്ടു പോയവർ ഷാഫിയെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് പൊലീസ് കരുതുന്നത്.വീഡിയോ ചിത്രീകരിച്ചത് എവിടെയാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെളളിയാഴ്ച രാത്രിയാണ് രണ്ടു വാഹനങ്ങളിലായെത്തിയ സംഘമാണ് ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാൻ ശ്രമിച്ച സഹോദരന്റെ ഭാര്യയെയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും ഡോർ അടയ്ക്കാനാകാത്തതിനാൽ വഴിയിലുപേക്ഷിച്ചു. പിന്നിൽ സ്വർണക്കടത്തു സംഘമാണെന്ന സംശയം നേരത്തെതന്നെ പൊലീസ് പങ്കുവച്ചിരുന്നു.

Related Articles

Latest Articles