Saturday, May 18, 2024
spot_img

സീതത്തോടുള്ള പള്ളി ഓഡിറ്റോറിയത്തിൽ കാട്ടുപന്നി ഓടിക്കയറി, പൂട്ടിയിട്ട് നാട്ടുകാർ; ശേഷം ഷൂട്ടറെത്തി വെടിവെച്ച് കൊന്നു

പത്തനംതിട്ട: സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്കാണ് കാട്ടുപന്നി കയറിയത്. തുടർന്ന്
സീതത്തോട് പഞ്ചായത്തിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്.

പന്നിയെ പിന്തുടർന്ന് എത്തിയ നാട്ടുകാരിൽ ചിലർ പന്നിയെ ഓഡിറ്റോറിയത്തിനുള്ളിൽ പൂട്ടിയിട്ടു. പിന്നീട് സ്ഥലത്തേക്ക് കൂടുതൽ നാട്ടുകാരെത്തി. ഓഡിറ്റോറിയത്തിനുള്ളിൽ വച്ച് തന്നെ പന്നിയെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ ഇക്കാര്യം അറിയിച്ചു. വിവരമറിഞ്ഞ് പത്ത് മണിയോടെ ഗൂഡ്രിക്കൽ റേയിഞ്ചിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി.

ഇതിനിടെ ജനവാസ മേഖലയിലിറങ്ങി അക്രമം കാണിച്ച പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു. പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടർ അഭി ടി. മാത്യുവിനെയും വടശ്ശേരിക്കരയിൽ നിന്ന് വിളിച്ചു വരുത്തി. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ ഷൂട്ടർ അഭി ടി മാത്യു പന്നിയെ വെടി വച്ചു കൊന്നു. ശേഷം വനംവകുപ്പിന്റെ നടപടിക്രമങ്ങൾക്ക് ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നിയുടെ ജഡം കുഴിച്ചിട്ടു. സാധരണ ഗതിയിൽ സീതത്തോട്ടിൽ കാട്ടുപന്നി ശല്യം ഉണ്ടാവാറുണ്ടെങ്കിലും മാർക്കറ്റ് ജംഗ്ഷൻ ഭാഗത്ത് എത്തുന്നത് അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Latest Articles