മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ ഭക്ഷിച്ച യുവാവിനെ കണ്ടെത്തി. കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് യുവാവിനെ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആസാം സ്വദേശിയായ യുവാവിന്‍റെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ പൂച്ചയെ പച്ചയ്ക്ക് ഭക്ഷിക്കുന്ന യുവാവിനെ നാട്ടുകാർ കാണുന്നത്. നാട്ടുകാർ ഇടപെട്ട് കാര്യം അന്വേഷിച്ചപ്പോഴാണ് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും വിശപ്പ് സഹിക്കാനാകാതെയാണ് പൂച്ചയെ കൊന്ന് തിന്നുന്നതെന്നും യുവാവ് വെളിപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇടപെട്ട് ഇയാൾക്ക് ഭക്ഷണം വാങ്ങിനൽകി. ഭക്ഷണം കഴിച്ചശേഷം യുവാവ് അപ്രത്യക്ഷനാകുകയായിരുന്നു.

