Monday, September 21, 2026

എഎപിയുടെ പഞ്ചാബിലെ ഉയർച്ചയും ദില്ലിയിലെ തളർച്ചയും !! ദേശീയ തലത്തിലെ ബിജെപിയുടെ ഉയിർത്തെഴുന്നേൽപ്പ്! പ്രവചിക്കുന്നതെല്ലാം യാഥാർഥ്യമായ ചരിത്രം ; ആക്‌സിസ് മൈ ഇന്ത്യയുടെ തമിഴ്‌നാട് പ്രവചനത്തിൽ നടുങ്ങി ദക്ഷിണേന്ത്യ

ചെന്നൈ: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ തമിഴ്‌നാടിനെ സംബന്ധിച്ച പ്രവചനത്തിൽ ചർച്ച കൊഴുക്കുന്നു. പ്രദീപ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രമുഖ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ, തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരിക്കുന്നു. രാഷ്ട്രീയ നിരീക്ഷകരെയും പ്രമുഖ പാർട്ടികളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഈ പ്രവചനം അനുസരിച്ച് 98 മുതൽ 120 വരെ സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. നിലവിലെ ഭരണകക്ഷിയായ ഡിഎംകെ 92 മുതൽ 110 സീറ്റുകൾ വരെ നേടി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും സർവേ വ്യക്തമാക്കുന്നു.

ടിവികെയ്ക്ക് ഇത്ര വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ലെന്ന പൊതുധാരണ നിലനിൽക്കെയാണ് ആക്‌സിസ് മൈ ഇന്ത്യയുടെ ഈ പ്രവചനം പുറത്തുവരുന്നത്. എന്നാൽ മുൻകാലങ്ങളിൽ ഏജൻസി നടത്തിയ പല പ്രവചനങ്ങളും കൃത്യമായി സംഭവിച്ച ചരിത്രമുള്ളതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വൻ വിജയവും 2022-ൽ പഞ്ചാബിൽ ആം ആദ്മി പാർട്ടി കൈവരിച്ച അപ്രതീക്ഷിത ഭൂരിപക്ഷവും ആക്‌സിസ് മൈ ഇന്ത്യ കൃത്യമായി മുൻകൂട്ടി കണ്ടിരുന്നു. 2023-ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ മുന്നേറ്റവും 2024-ൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ഭരണത്തുടർച്ച നേടുമെന്ന പ്രവചനവും ഈ ഏജൻസിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നു.

ഏറ്റവും ഒടുവിൽ 2025-ൽ ദില്ലിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപി നിർണ്ണായക വിജയം നേടുമെന്ന പ്രവചനവും സത്യമായി മാറിയിരുന്നു. 70 അംഗ നിയമസഭയിൽ ബിജെപി 45 മുതൽ 55 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനമെങ്കിൽ ഫലം വന്നപ്പോൾ 48 സീറ്റുകളുമായി ബിജെപി അധികാരം പിടിച്ചു. മുൻകാലങ്ങളിലെ ഈ കൃത്യത കണക്കിലെടുക്കുമ്പോൾ തമിഴ്‌നാട്ടിലെ വിജയ്‌യുടെ മുന്നേറ്റത്തെ തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എക്‌സിറ്റ് പോളുകൾ പലപ്പോഴും പൊതുചർച്ചകളെ സ്വാധീനിക്കുമെങ്കിലും അന്തിമ വിധി അറിയാനുള്ള ആകാംക്ഷയിലാണ് തമിഴകം.

Related Articles

Latest Articles