മലപ്പുറം :സ്വന്തം വീട്ടിൽ നിന്ന് ഭാര്യയുടെയും മക്കളുടെയും സ്വർണാഭരണങ്ങൾ അപഹരിച്ച പ്രതി പോലീസിന്റെ പിടിയിലായി. മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൾ റാഷിദാണ് പോലീസിന്റെ സമർഥമായ അന്വേഷണത്തിൽ പിടിയിലായത് . നാല് ദിവസം മുൻപ് ഇയാൾ സഹോദരനുമായെത്തി വീട്ടിലെ സ്വർണഭാരണങ്ങൾ മോഷണം പോയതായി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൃഹനാഥൻ തന്നെയാണ് കളവിനു പിന്നിലെന്ന് മനസിലായത്.
വീട്ടിലെ അലമാര ഉൾപ്പെടെ തകർത്തായിരുന്നുമോഷണം. റാഷിദിന്റെ ഭാര്യയുടേയും സഹോദരൻ ഇബ്രാഹീമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു. വാഴക്കാട് പോലീസ് നടത്തിയ സമഗ്രമായ പരിശോധനയിലാണ് മോഷണം നടത്തിയത് അബ്ദുൾ റാഷിദ് ആണെന്ന് കണ്ടെത്തിയത്.
മോഷ്ടിച്ച സ്വർണം ഇയാൾ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തിൽ കൊണ്ടുപോയി പണയം വെയ്ക്കുകയായിരുന്നു . ഈ സ്വർണം പോലീസ് കണ്ടെടുത്തു. ഇയാളുടെ സഹോദരൺ ഇബ്രാഹീമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

