Monday, May 20, 2024
spot_img

300 ഓളം നിയമലംഘനങ്ങൾ !തൊഴിലാളികൾക്ക് മിനിമം വേതനം ഇല്ല !സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്. ലേബർ കമ്മീഷണർ ആയി ചുമതലയേറ്റ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശപ്രകാരമാണ് തൊഴിൽ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. വിവിധ ജില്ലകളിലായി 82 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മുന്നൂറിലേറെ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

3724 തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിൽ 710 പേർക്കും മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഇരിക്കാനുള്ള അവകാശം പോലും ലഭ്യമല്ലെന്നും തൊഴിൽ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. റീജണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് 82 വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.

മിനിമം വേതന നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നിവയാണ് മിക്ക സ്ഥാപനങ്ങളിലും ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ചില സ്ഥാപനങ്ങളിൽ ബാലവേല കണ്ടെത്തിയതായും തൊഴിൽ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

Related Articles

Latest Articles