Sunday, June 2, 2024
spot_img

വീണ്ടും അപകടമൊഴിയാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; തോല്‍പ്പെട്ടിക്ക് സമീപം സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറി, ഇത് ഈ ആഴ്ചയിലെ രണ്ടാമത്തെ അപകടം

കല്‍പ്പറ്റ: വീണ്ടും അപകടത്തില്‍പ്പെട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. ഈ ആഴ്ചയിലെ രണ്ടാമത്തെ അപകടമാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌. കോഴിക്കോട്– ബെംഗളൂരു സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വയനാട്ടിൽ വച്ചാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ബുധനാഴ്ച മൈസൂരുവിന് സമീപം സ്വിഫ്റ്റ് അപകടത്തില്‍ പെട്ടിരുന്നു.

തോല്‍പെട്ടിക്ക് സമീപം വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കണ്ടക്ടറിനും മൂന്ന് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ മാറ്റിയത്. പകരം ഏര്‍പ്പെടുത്തിയ ബസ്സ് അപകടവിവരം അറിയിച്ചിട്ടും എത്താന്‍ വൈകിയതായും ആരോപണമുണ്ട്. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Latest Articles