കോഴിക്കോട്: വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ച് ഉണ്ടായ തർക്കത്തിന് പിന്നാലെ വീടാക്രമിച്ച കേസിൽ പ്രതി പിടിയിൽ. പുതുവയല്‍കുനി ഫായിസാണ് പിടിയിലായത്. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍ കഴിഞ്ഞ മാസമായിരുന്നു യൂസഫിന്റെ വീടിന് നേരെ ഫായിസ് അക്രമം നടത്തിയത്.വീടിന്റെ അടുക്കള ഭാഗത്ത് തീയിടുകയും കസേരകളും മറ്റും കിണറ്റില്‍ വലിച്ചെറിയുകയും ചെയ്തു. യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തു. സംഭവസമയത്ത് യൂസഫ് വീട്ടിലുണ്ടായിരുന്നില്ല. പിന്നീടാണ് ഫായിസുമായി തർക്കത്തിൽ ഏർപ്പെട്ടത്.പിന്നാലെയാണ് പ്രതി വീട് ആക്രമിച്ചത്.
കൃത്യം നടത്തിയ ശേഷം ഫായിസ് ഒളിവില്‍ പോവുകയായിരുന്നു. അത്തോളി സിഐ പി. ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐമാരായ ആര്‍ രാജീവ്, കെപി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി 11.30ഓടെ ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഒ ഷിബു, കെ എം അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലഹരിയ്ക്ക് അടിമയായ ഫായിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും.

