ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരുടെ പുനരധിവാസവും ചികിൽസയും ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ നിർദ്ദേശവുമായി സുപ്രീം കോടതി . ആസിഡ് ആക്രമണക്കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കൾ ലേലം ചെയ്ത്, ആ തുക ഇരകൾക്ക് അർത്ഥവത്തായ നഷ്ടപരിഹാരമായി നൽകിക്കൂടേ എന്ന മൗലികമായ ചോദ്യമാണ് കോടതി ഉയർത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. നിലവിൽ നൽകി വരുന്ന നഷ്ടപരിഹാര തുക ഇരകളുടെ ആജീവനാന്ത ചികിൽസയ്ക്കും മറ്റു ആവശ്യങ്ങൾക്കും ഒട്ടും പര്യാപ്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ സ്ഥാവര വസ്തുക്കൾ കണ്ടുകെട്ടി അവ ഇരകളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാധാരണ ശിക്ഷാ നടപടികൾ കൊണ്ട് മാത്രം ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കഴിയില്ലെന്നും, കുറ്റവാളികൾക്ക് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന തരത്തിലുള്ള കടുത്ത ശിക്ഷാ നടപടികൾ തന്നെ സ്വീകരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഭയമുണ്ടാക്കുന്ന തരത്തിലുള്ള ശിക്ഷകൾ നടപ്പിലാക്കിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ കുറയുകയുള്ളൂ എന്ന ‘ഡിറ്ററന്റ് തിയറി’ (Deterrent Theory) ഇവിടെ പ്രസക്തമാണെന്നും കോടതി കൂട്ടിച്ചേർത്തു.
ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കണക്കിലെടുക്കുമ്പോൾ, കുറ്റവാളികളുടെ സ്വത്ത് ഏറ്റെടുക്കുന്നത് അവർക്ക് നീതി ഉറപ്പാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും. ഈ നിർദ്ദേശത്തിന്മേൽ സർക്കാരിന്റെ നിലപാടും നിയമപരമായ സാധ്യതകളും വരും ദിവസങ്ങളിൽ കോടതി കൂടുതൽ വിശദമായി പരിശോധിക്കും. ഇരകളുടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന വൈദ്യസഹായത്തിനും പുനരധിവാസത്തിനും ആവശ്യമായ വലിയ തുക കണ്ടെത്താൻ കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

