Monday, September 21, 2026

ആഗോള സൈനിക കരുത്തിൽ ഭാരതം നാലാമത്; ഒൻപതിൽ നിന്ന് പതിനാലിലേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ

ലോകമെമ്പാടും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, 2026-ലെ ആഗോള സൈനിക കരുത്തിന്റെ റാങ്കിങ് പുറത്തുവിട്ടു. പ്രമുഖ പ്രതിരോധ വിശകലന ഏജൻസിയായ ഗ്ലോബൽ ഫയർപവർ (GFP) പുറത്തുവിട്ട 145 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തങ്ങളുടെ കരുത്തുറ്റ നാലാം സ്ഥാനം നിലനിർത്തി. അറുപതിലധികം ഘടകങ്ങൾ പരിശോധിച്ചാണ് ഓരോ രാജ്യത്തിന്റെയും സൈനിക ശേഷി നിർണ്ണയിക്കുന്ന ‘പവർ ഇൻഡക്സ്’ തയ്യാറാക്കുന്നത്. ഈ സൂചികയിൽ സ്കോർ കുറയുന്നതിനനുസരിച്ച് രാജ്യത്തിന്റെ സൈനിക ശക്തി കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്.

പട്ടികയിൽ അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ റഷ്യയും ചൈനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. 2005 മുതൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് 0.0741 സ്കോറാണുള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാറ്റങ്ങളില്ലെങ്കിലും, യൂറോപ്യൻ രാജ്യമായ ഫ്രാൻസ് ആറാം സ്ഥാനത്തേക്ക് ഉയർന്നത് ശ്രദ്ധേയമാണ്. ജപ്പാൻ ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഇറ്റലി പത്താം സ്ഥാനത്തോടെ ആദ്യ പത്തിൽ ഇടംപിടിച്ചു.

അതേസമയം, പാകിസ്ഥാന്റെ സൈനിക റാങ്കിങ് വലിയ തോതിൽ ഇടിയുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. 2024-ൽ ഒൻപതാം സ്ഥാനത്തായിരുന്ന പാകിസ്ഥാൻ 2025-ൽ പന്ത്രണ്ടിലേക്കും ഇപ്പോൾ പതിനാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. നേരെമറിച്ച്, ജർമ്മനി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ൽ പത്തൊൻപതാം സ്ഥാനത്തായിരുന്ന ജർമ്മനി ഇപ്പോൾ പന്ത്രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ആധുനികവൽക്കരണവും പ്രതിരോധ ബജറ്റിലെ വർദ്ധനവുമാണ് യൂറോപ്യൻ ശക്തികൾക്ക് തുണയായത്.

ഇന്ത്യയുടെ സൈനിക മികവ് വെളിവാക്കുന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ഈ റാങ്കിങ് വേളയിൽ വീണ്ടും ചർച്ചയാകുന്നുണ്ട്. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി മെയ് മാസത്തിൽ ഇന്ത്യൻ സേന നടത്തിയ ഈ മിന്നലാക്രമണം ശത്രുരാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്നതായിരുന്നു. പാകിസ്ഥാനിലും പാക് അധീന കാശ്മീരിലുമായി ഒൻപതോളം ഭീകരതാവളങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. വെറും 88 മണിക്കൂറിനുള്ളിൽ നൂറിലധികം ഭീകരരെയും സൈനികരെയും വധിച്ചുകൊണ്ട് ഇന്ത്യ തങ്ങളുടെ പ്രഹരശേഷി ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിച്ചു.

രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലും ആയുധ ശേഖരത്തിലും വരുത്തിയ മാറ്റങ്ങളാണ് ആഗോള തലത്തിൽ ഇന്ത്യയെ മുൻനിരയിൽ നിർത്തുന്നത്. വരും വർഷങ്ങളിൽ കൂടുതൽ തദ്ദേശീയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നത് ഇന്ത്യയുടെ സ്കോർ ഇനിയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles