Wednesday, May 22, 2024
spot_img

എ​എ​ന്‍ 32 വി​മാ​ന ദു​ര​ന്തം: മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചു

ദില്ലി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ലിപ്പോ മേഖലയില്‍ പാരച്യൂട്ട് വഴി സംഘത്തെ ഇറക്കിയാണ് തിരച്ചില്‍ നടത്തിയത്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷരിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി സൈനികര്‍.

വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തിരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴ തെരച്ചില്‍ ദുഷ്കരമാക്കിയിരുന്നു. കര, നാവിക സേനയുടെയും ഐഎസ്‌ആര്‍ഒ ഉപഗ്രഹത്തിന്‍റെയും സഹായം തേടിയിരുന്നു.

മരിച്ച വൈമാനികരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി വ്യോമസേന അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles