സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രഞ്ജിത്തിനെ ട്രോളി നടൻ ഹരീഷ് പേരടി. അവാര്‍ഡ് നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയതായ ആരോപണത്തില്‍ ഇതുവരെ പ്രതികരിക്കാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ പരിഹസിച്ചുകൊണ്ടാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണരൂപം:
രഞ്ജിയേട്ടാ… ആരൊക്കെ പ്രകോപിപ്പിച്ചാലും നിങ്ങള്‍ ഒന്നും മിണ്ടരുത്. നമ്മള്‍ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ. ആ കൊല ചിരിയില്‍ ഈ രോമങ്ങളൊക്കെ കത്തിയമരും. നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി. നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മള്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചതു പോലെ നമ്മുടെ കാര്യസ്ഥന്‍മാര്‍ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു. (അതിനിടയില്‍ ജൂറിയില്‍ രണ്ട് ബുദ്ധിയുള്ളവര്‍ കയറിക്കൂടി. അതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം. അതിനുള്ള പണി പിന്നെ).
അവസാനം വിജയം നമ്മള്‍ക്കാണെന്ന് നമ്മള്‍ക്കല്ലെ അറിയൂ. ഇത് വല്ലതും ഈ നാലാംകിട പ്രതിഷേധക്കാരായ അടിയാളന്‍മാര്‍ക്ക് അറിയുമോ? അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാല്‍ സാംസ്‌കാരിക മന്ത്രിയാവാനുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് ഇവറ്റകള്‍ക്ക് അറിയില്ലല്ലോ. സജി ചെറിയാനോടൊന്നും ഇപ്പോള്‍ ഇത് പറയണ്ട. ഈഗോ വരും. അഥവാ ഇടതുപക്ഷം വന്നില്ലെങ്കില്‍ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി… വിപ്ലവാശംസകള്‍.

