Sunday, December 14, 2025

“ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റ്രം” പാർട്ടിയെക്കുറിച്ച് അറിയില്ല: അച്ഛനും അമ്മയ്ക്കും എതിരെ വിജയ് ഹൈക്കോടതിയിൽ

ചെന്നൈ: മാതാപിതാക്കൾക്കെതിരെ കോടതിയെ സമീപിച്ച് വിജയ്. തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെയാണ് താരം സമീപിച്ചിരിക്കുന്നത്. മാതാപിതാക്കളെ കൂടാതെ ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവരടക്കം 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. തുടർന്ന് കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി.

നടൻ വിജയുടെ പേരിൽ പുതിയ പാര്‍ട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. “ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റ്രം” എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിൽ വിജയുടെ അച്ഛൻ എസ്എ ചന്ദ്രശേഖറും, അമ്മ ശോഭയുമാണ് പാർട്ടിയുടെ ട്രഷറർമാർ. ഇതിന് പിന്നാലെയാണു വിജയ് രംഗത്ത് വന്നത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നടന്റെ നിലപാട്. അതേസമയം തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കിയിട്ടുണ്ട്. അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചരണ രംഗത്തുണ്ടാകില്ലെന്നാണ് വിവരം.

Related Articles

Latest Articles