ദില്ലി : ഹാസ്യ നടൻ രാജു ശ്രീവാസ്തയുടെ സംസ്ക്കാരം സെപ്റ്റംബർ 22 വ്യാഴാഴ്ച്ച രാവിലെ 9.30-ന് നടക്കും. ഇന്ന് രാവിലെ ആണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ആഗസ്റ്റ് 10-ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച എയിംസിൽ വെച്ചായിരുന്നു പ്രശസ്ത ഹാസ്യനടൻ അന്ത്യശ്വാസം വലിച്ചത്.
രാജു ശ്രീവാസ്തവയുടെ കുടുംബാംഗങ്ങൾ – ഭാര്യ ശിഖ, മകൻ ആയുഷ്മാൻ, മകൾ അന്താര – ഇപ്പോൾ എയിംസിലാണ്. സംസ്കാരം ദില്ലിയിൽ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. രാജുവിനെ മുംബൈയിലേക്കോ കാൺപൂരിലേക്കോ കൊണ്ടുപോകുന്നതിനെക്കുറിച്ച് അവർ നേരത്തെ ആലോചിച്ചിരുന്നു.
ഹാസ്യനടന്റെ മൃതദേഹം ഇന്ന് ദ്വാരകയ്ക്ക് സമീപമുള്ള ദശരത്പുരിയിലേക്ക് കൊണ്ടുപോകും. രാജുവിന്റെ ഇളയ സഹോദരൻ ദിപു ശ്രീവാസ്തവും മൂത്ത സഹോദരൻ സി.പി.ശ്രീവാസ്തവും വൈകുന്നേരത്തോടെ എയിംസിലെത്തും.
രാജുവിന്റെ സംസ്കാരം ദില്ലിയിൽ നടത്തുമെന്ന് രാജുവിന്റെ ഭാര്യാസഹോദരൻ സ്ഥിരീകരിച്ചു. “രാവിലെ, അദ്ദേഹത്തിന്റെ ബിപി കുറഞ്ഞു, തുടർന്ന് അദ്ദേഹത്തിന് സി പി ആർ നൽകി. ആദ്യം അതിനോട് പ്രതികരിച്ചെങ്കിലും പിന്നീട് ബോധരഹിതനാവുകയായിരുന്നു അദ്ദേഹം പറഞ്ഞു .”

