കൊച്ചി : തനിക്കെതിരായ ലൈംഗിക പീഡനാരോപണങ്ങൾ തള്ളി സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച ജയസൂര്യക്കെതിരെ പരാതിക്കാരിയായ നടി രംഗത്ത്. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ജയസൂര്യക്കെതിരെ രണ്ട് നടിമാരാണ് സിനിമയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. ഇതിലൊരാളാണ് ഇപ്പോൾ ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയത്.
2008, 2013 വർഷങ്ങളിൽ സിനിമാ സെറ്റിൽവെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളിൽ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍വെച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം. 2013-ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് മറ്റൊരു പരാതി. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
“വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായപ്പോൾ ഞാൻ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപമണമുയർന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് എനിക്ക് ഒരിക്കലും നല്ലതായി വരില്ല”, പരാതിക്കാരിലൊരാളായ യുവതി പറഞ്ഞു
പഡനം പോലെതന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ് എന്നായിരുന്നു ജയസൂര്യ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ്.

