എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ജസ്റ്റിസ് പി.ജി അജിത് കുമാറിന്‍റെ ബെഞ്ചാകും ഇന്ന് ഹർജി പരിഗണിക്കുക.
കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പിൻമാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിൻമാറ്റം. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയിരുന്നത്.
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി അന്വേഷണം നടത്തി റlപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും മെമ്മറി കാർഡ് പരിശോധിച്ച ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കസ്‌റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.

