കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. രാവിലെ 9 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നൽകിയിരിക്കുന്ന സമയം. അന്വേഷണസംഘം ഇന്ന് വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ വിജയ് ബാബുവിനെ പനമ്പള്ളി നഗറിലെ ഡി ഹോംസിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെതിരെ പരാതിക്കാരിയുടെ പേര് പുറത്തു വിട്ട സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരണമെന്നായിരുന്നു കോടതി നിർദേശം.
വിദേശത്ത് നിന്ന് ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിന് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

