കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ 12 പേരുമായുള്ള ചാറ്റുകൾ ദിലീപ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കി. ഈ ചാറ്റുകളിൽ
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ സംഭാഷണവും ഉണ്ടെന്നാണ് നിഗമനം. ഇതോടെ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫും അന്വേഷണ സംഘത്തിന്റെ സംശയ നിഴലിലായി. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്.
കോടതി ഉത്തരവ് അനുസരിച്ച് മൊബൈൽ ഫോണുകൾ കോടതിയ്ക്ക് കൈമാറുന്നതിന് മുമ്പായിട്ടാണ് 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ദീലീപ് നീക്കം ചെയ്തത്. ഈ ചാറ്റുകൾ മാറ്റിയതിൽ ദുരൂഹത ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
കൂടാതെ ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്റെ അളിയൻ സൂരജ് എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചിട്ടുണ്ട്.