സോപോർ: ജമ്മു കശ്മീരിലെ സോപോറിൽ വീണ്ടും ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഭീകരർ. ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗത്തെ സുരക്ഷാസേന പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥരേയും രാഷ്‌ട്രീയ നേതാക്കളേയും ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ അതിർത്തി കടന്ന് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സോപോർ റാഫിയാബാദിലെ ലഡൂര മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
സുരക്ഷാ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഭീകരനെ പിടികൂടിയത്. ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. കൂടാതെ പ്രദേശത്തേക്ക് കൂടുതൽ ഭീകരർ എത്തിയിട്ടുണ്ടോ എന്നറിയാനായി സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഈ മാസം ആദ്യം ബാരാമുള്ള പുൽവാമ ജില്ലകളിൽ നിന്നായി ലഷ്‌കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.

