Friday, May 3, 2024
spot_img

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകും?; വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ 2024 വരെ സമയം തേടി അദാനി ഗ്രൂപ്പ്; വിയോജിപ്പുമായി സർക്കാർ

തിരുവനന്തപുരം: സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നത് നീളാൻ സാധ്യത. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെ അദാനി ഗ്രൂപ്പ് സമയം തേടി. എന്നാല്‍ 2019 ല്‍ തീര്‍ക്കേണ്ട പദ്ധതി ഇപ്പോഴും പൂര്‍ത്തിയാക്കാതെ വീണ്ടും സമയം നീട്ടി ചോദിക്കുന്നതില്‍ സര്‍ക്കാരിന് യോജിപ്പില്ല. ആര്‍ബിട്രല്‍ ട്രിബൂണലില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിഴിഞ്ഞം പദ്ധതിക്കുള്ള കരാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2015ല്‍ ഒപ്പുവെച്ചപ്പോള്‍ 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വാഗ്ദാനം. എന്നാല്‍ വര്‍ഷം ആറ് ആയിട്ടും പദ്ധതി എവിടേയും എത്തിയില്ല. ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് 2015-ല്‍ കരാര്‍ ഒപ്പിടുമ്ബോള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബര്‍ മൂന്നിനകം പദ്ധതി യഥാര്‍ത്ഥ്യമാക്കേണ്ടതായിരുന്നു. അദാനി പോര്‍ട്ട്‌സും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട കരാര്‍ പ്രകാരം 2019 ഡിസംബറില്‍ നിര്‍മ്മാണം തീര്‍ന്നില്ലെങ്കില്‍ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച്‌ അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ.

അതേസമയം വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാ‍ർ വ്യവസ്ഥകളും സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ​ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയിൽ, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകുന്ന സ്ഥിതിയുണ്ടായി. റെയില്‍ കണക്ടിവിറ്റി വൈകി, അതിര്‍ത്തി മതില്‍ നിര്‍മ്മാണം വൈകി തുടങ്ങിയ കുറ്റങ്ങളാണ് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഉയര്‍ത്തുന്നത്. ഓഖിയും, രണ്ട് പ്രളയവും,നാട്ടുകാരുടെ പ്രതിഷേധവും എല്ലാം പദ്ധതി വൈകാന്‍ കാരണമായതായും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles