ദില്ലി : തിരുവനന്തപുരം കാട്ടാക്കടയിൽ പത്തുവയസ്സുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ മരവിപ്പിച്ച് പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രിയരഞ്ജന് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
2023 ഏപ്രിൽ 19-ന് പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023 ജൂൺ 30-ന് സൈക്കിളിൽ കയറാൻ ശ്രമിക്കുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. കേസിൽ സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ ജയിംസ് പി. തോമസ് ഹാജരായി.
എന്നാൽ കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമാണിതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. വിചാരണക്കോടതി വിധിയിലെ 41-ാം ഖണ്ഡികയിൽ പ്രോസിക്യൂഷൻ വാദങ്ങളിൽ സംശയം രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള വാദം അംഗീകരിച്ചാണ് സുപ്രീം കോടതി പ്രിയരഞ്ജന് ജാമ്യം അനുവദിച്ചത്.

