കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിൽക്കുന്ന കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കാൻ കഠിന ശ്രമവുമായി സിപിഎം. ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം മാത്രമാകും നടപടി. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി 29-ന് വിധി പറയും. കെ. നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ടിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളിൽ ഇതുവരെ ദിവ്യയെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല.
അതേസമയം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഇന്നലെ നിയോഗിച്ചിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ നേതൃത്വം നൽകുന്ന സംഘത്തിൽ ആറ് ഉദ്യോഗസ്ഥരാകും ഉണ്ടാകുക. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാൻ നിർദ്ദേശമുണ്ട്.

