കൊല്ലം: കെ. സുധാകരന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇളവ് നൽകിയതിന് പിന്നാലെ കോന്നിയിൽ തനിക്കും മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച് അടൂർ പ്രകാശ്. കെ. സുധാകരന് മത്സരിക്കാൻ അനുമതി നൽകിയാൽ തനിക്കും മത്സരിക്കാൻ അനുമതി നൽകണമെന്നാണ് അടൂർ പ്രകാശ് ആവശ്യപ്പെടുന്നത്. എം.പിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന പൊതു നിലപാടിന്റെ ഭാഗമായാണ് തന്നെ മാറ്റിനിർത്തിയത്. ഇത് മാറ്റുമ്പോൾ തന്നെയും പരിഗണിക്കണം എന്നാണ് ആവശ്യം. കോന്നിയിൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ എംകെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യമുണ്ടായിരുന്നു. കൂടുതൽ എംപിമാർ മത്സരിക്കാൻ ആവശ്യമുന്നയിച്ചപ്പോഴാണ് എംപിമാർ ആരും മത്സരിക്കേണ്ടെന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, സുധാകരൻ വഴങ്ങാതെ നിന്നതോടെയാണ് ഹൈക്കമാൻഡ് അയഞ്ഞത്. അടൂർ പ്രകാശും മത്സരിക്കാനുള്ള ആവശ്യം മുന്നോട്ടുവെച്ചതോടെ സ്ഥാനാർഥി നിർണയം ഇനിയും വൈകും.

