Monday, October 19, 2026

സന്നിധാനത്ത് ഇനി ഉത്സവ നാളുകൾ… കൊടിയേറ്റ് മാർച്ച് 23 ന്, ആറാട്ട് ഏപ്രിൽ ഒന്നിന്

ശബരിമല ഉത്സവ ചടങ്ങുകൾക്കായി മാർച്ച് 22-ന് വൈകുന്നേരം അഞ്ചുമണിക്ക് നട തുറക്കും . തുടർന്ന് മാർച്ച് 23-ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റോടെ ഉത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും. പകൽ 11.30-നും 12-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് സന്നിധാനത്തെ സ്വർണ്ണക്കൊടിമരത്തിൽ കൊടിയേറ്റ് ചടങ്ങ് നിർവഹിക്കുന്നത്.

മാർച്ച് 23 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ഭക്തിനിർഭരമായ നിരവധി ചടങ്ങുകളാണ് നടക്കുന്നത്. ഇതിൽ ഉച്ചപൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷമുള്ള ശ്രീഭൂതബലിയുമാണ് പ്രധാനമായവ. മാർച്ച് 31-ന് ഭഗവാന്റെ പള്ളിവേട്ട ചടങ്ങ് നടക്കും. ഉത്സവത്തിന്റെ സമാപ്തി കുറിച്ചുകൊണ്ടുള്ള ആറാട്ട് ഏപ്രിൽ ഒന്നിനാണ് പമ്പയിൽ നടക്കുന്നത്. അന്ന് രാവിലെ 9 മണിക്ക് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും.

പമ്പയിലെ ആറാട്ടിന് ശേഷം ഭഗവാൻ സന്നിധാനത്ത് തിരിച്ചെത്തുന്നതോടെ കൊടിയിറക്കി ഉത്സവത്തിന് സമാപനം കുറിക്കും. തുടർന്ന് ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് തിരശ്ശീല വീഴും

Related Articles

Latest Articles