Wednesday, May 1, 2024
spot_img

‘കയ്യും കാലും വെട്ടും’; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ച സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് ഭീഷണി; കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സംഘർഷം സൃഷ്ടിച്ച ഡിവൈഎഫ്ഐക്കാരുടെ ക്രൂര മർദ്ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് വധഭീഷണി. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മര്‍ഖാനാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ വച്ച് ഭീഷണി നേരിടേണ്ടി വന്നത്. കയ്യും കാലും വെട്ടുമെന്നായിരുന്നു ഭീഷണി.

ഇതിനിടെ സുരക്ഷാ ജീവനക്കാർക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് മെ‍ഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ കേസില്‍ സ്വകാര്യഹര്‍ജി നല്‍കാന്‍ ഇക്കഴിഞ്ഞ 13ന് കോടതിയില്‍ എത്തിയതായിരുന്നു അഭിഭാഷക ബബിലാ ഉമ്മര്‍ഖാന്‍. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി നേരിട്ടത്. കോടതിയില്‍ എത്തിയ ആളുകളില്‍ നിന്നായിരുന്നു ഭീഷണി. തൊട്ടടുത്ത ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ തന്റെ ജീവനു ഭീഷണിയുണ്ടാകുമെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഇതിനു പുറമേ മറ്റൊരു സ്വകാര്യ ഹര്‍ജിയും ഫയല്‍ ചെയ്തു.

സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കി 326–ാം വകുപ്പ് കൂടി ചേര്‍ക്കണമെന്നാണ് ആവശ്യം. ഒപ്പം സിസിടിവി ക്യാമറ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നേരിട്ട് ഈ ദൃശ്യങ്ങള്‍ കോടതിയെ ഏല്‍പ്പിക്കണമെന്നും സ്വകാര്യ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു. ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകഴിഞ്ഞാല്‍ ഈ സ്വകാര്യ ഹര്‍ജിയും കോടതി പരിഗണിക്കും.

Related Articles

Latest Articles