Wednesday, December 31, 2025

സ്വീഡിഷ് മാധ്യമപ്രവര്‍ത്തകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ | AFGHAN

സ്വീഡിഷ് മാധ്യമപ്രവര്‍ത്തകയായ ജെന്നിനോര്‍ദ്ബര്‍ഗ്ഗിന്‍റെ ‘The underground girls of Kabul’ എന്ന ഗ്രന്ഥം 2004 ലാണ് പബ്ളിഷ് ചെയ്യപ്പെട്ടത്.അതിന്‍റെ മലയാളപരിഭാഷ ‘കാബൂളിലെ പെണ്‍കുട്ടികള്‍ ‘ സിവിക്ചന്ദ്രന്‍റെ മകള്‍ കബനി വിവര്‍ത്തനം ചെയ്തത് സമതബുക്സ് 2017-ല്‍ പുറത്തിറക്കി.

ഈ പുസ്തകം പലപ്രാവശ്യം വായിച്ചതാണ്.ഇന്ന് ,താലിബാന്‍റെ വിസ്മയങ്ങളില്‍ ലോകജനത ഞെട്ടിത്തരിച്ചുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ വീണ്ടും ഒരുതവണകൂടി ഞാനിത് വായിച്ചു.

പെണ്ണായി പിറക്കുകയും എന്നാല്‍ സ്വൈര്യജീവിതം പെണ്ണെന്ന ഒരേയൊരു കാരണത്താല്‍ അസാധ്യമാകുകയും ചെയ്തപ്പോള്‍ ആ പെണ്‍മയെത്തന്നെ മായ്ച്ചുകളഞ്ഞുകൊണ്ട് ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍സ്ത്രീകളുടെ അതിജീവനപ്പോരാട്ടത്തിന്‍റെ കഥപറയുന്ന ഹൃദയസ്പൃക്കായ രചനയാണ് ഈ ഗ്രന്ഥം.
വിവര്‍ത്തനം അത്ര സുഖകരമല്ലെങ്കിലും വിഷയത്തിന്‍റെ പ്രാധാന്യവും താല്‍പര്യവുംകൊണ്ട് തുടങ്ങിയാല്‍ തീരുംവരെ നമ്മെ പിടിച്ചിരുത്താന്‍ ഈ ചെറുഗ്രന്ഥത്തിന് കഴിഞ്ഞിരിക്കുന്നു…

ഇത് അസിതയുടെ കഥയാണെന്ന് വേണമെങ്കില്‍ പറയാം.പക്ഷേ ജെന്നിനോര്‍ദ്ബര്‍ഗ് അസിതയിലൂടെ പറഞ്ഞുവയ്ക്കുന്നത് അതിജീവിക്കാന്‍ പൊരുതുന്ന ഓരോ അഫ്ഗാന്‍പെണ്ണിന്‍റെയും ..അല്ല ലോകത്തിലെ എല്ലാ സ്ത്രീകളുടെയും കഥയാണ്…

കാബൂളിലെ സര്‍വ്വകലാശാലാപ്രഫസറുടെ മകളും ഉന്നതവിദ്യാഭ്യാസം നേടിയവളുമാണ് അസിത.കമ്മ്യൂണിസ്റ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക്പാര്‍ട്ടി അധികാരം കൈയ്യാളുന്ന കാലഘട്ടത്തില്‍ ഉപരിവര്‍ഗ്ഗത്തിന് സ്വായത്തമായ എല്ലാ സുഖസൗകര്യങ്ങളോടും കൂടി തലസ്ഥാനനഗരമായ കാബൂളില്‍ വിദ്യാഭ്യാസം നിര്‍വ്വഹിച്ച പെണ്‍കുട്ടി.നിര്‍ബന്ധപൂര്‍വ്വം പരിഷ്കാരങ്ങളും പാശ്ചാത്യാശയങ്ങളും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കപ്പെട്ട ആ കാലഘട്ടത്തില്‍ ശക്തമായ എതിര്‍പ്പുകള്‍ രാജ്യത്തെമ്പാടുനിന്നും അധിനിവേശശക്തികള്‍ക്കെതിരെ ഉയര്‍ന്നുവരികയും അവസാനം സോവിയറ്റുകള്‍ പിന്‍വാങ്ങിപ്പോകുകയും ചെയ്തു. എന്നാല്‍ അതിനുശേഷവും വിവിധമുജാഹിദ്ഗ്രൂപ്പുകളുടെ ചേരിതിരിഞ്ഞുള്ള അക്രമങ്ങള്‍ ഉണ്ടായി.

Related Articles

Latest Articles