Thursday, October 1, 2026

അഫ്ഗാൻ-പാക് സംഘർഷം; തനിക്ക് നിസാരമായി പരിഹരിക്കാനാകുമെന്ന അവകാശവാദവുമായി ഡൊണാൾഡ് ട്രമ്പ്

വാഷിംഗ്ടൺ ഡിസി : അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം മുറുകുന്നതിനിടെ, പാകിസ്ഥാനെ വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ് രംഗത്ത്. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ ആക്രമിച്ചുവെന്നും, ഈ സംഘർഷം പരിഹരിക്കുന്നത് തനിക്ക് “എളുപ്പമുള്ള” കാര്യമായിരിക്കുമെന്നും ട്രമ്പ് അവകാശപ്പെട്ടു.യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാഡിമിർ സെലെൻസ്കിയുമായി നടത്തിയ ഉച്ചഭക്ഷണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രമ്പ്.

“പാകിസ്ഥാൻ ആക്രമണം നടത്തിയതായി ഞാൻ മനസ്സിലാക്കുന്നു, ഇത് പരിഹരിക്കുക എന്നത് എനിക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ്. ആളുകളെ കൊല്ലുന്നതിൽ നിന്ന് തടയാൻ എനിക്കിഷ്ടമാണ്. ഞാൻ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ഈ യുദ്ധവും വിജയകരമായി പരിഹരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. വർഷങ്ങളായി നീണ്ടുനിൽക്കുന്ന അഫ്ഗാൻ-പാക് സംഘർഷം പരിഹരിക്കുന്നതിൽ താൻ വിജയിക്കും.” – ട്രമ്പ് പറഞ്ഞു.

അതിർത്തിയിലെ രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് വിരാമമിട്ട 48 മണിക്കൂർ വെടിനിർത്തൽ പാകിസ്ഥാൻ ലംഘിച്ചതിന് പിന്നാലെയാണ് ട്രമ്പിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കാബൂളിൽ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. പാക്തിക പ്രവിശ്യയിലെ മൂന്ന് സ്ഥലങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടതായി മുതിർന്ന താലിബാൻ ഉദ്യോഗസ്ഥൻ എഎഫ്പിയോട് സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാൻ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ, പാകിസ്ഥാൻ ആക്രമണത്തിന് പിന്നാലെ അനുരഞ്ജന നീക്കവുമായി രംഗത്തെത്തി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഉം ഇൻ്റലിജൻസ് മേധാവി ജനറൽ അസിം മാലിക് ഉം ശനിയാഴ്ച ഖത്തറിലെ ദോഹയിൽ അഫ്ഗാൻ താലിബാനുമായി ചർച്ച നടത്തുമെന്ന് പാകിസ്ഥാൻ സ്റ്റേറ്റ് ടിവി അറിയിച്ചു.

ഈ ചർച്ചകൾ താലിബാനും സ്ഥിരീകരിച്ചു. ഇസ്ലാമിക് എമിറേറ്റിൻ്റെ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ദോഹയിലേക്ക് പുറപ്പെട്ടുവെന്ന് അഫ്ഗാൻ താലിബാൻ സർക്കാരിൻ്റെ വക്താവ് സബിഹുള്ള മുജാഹിദ് സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.

അതിർത്തി തർക്കങ്ങളെ തുടർന്നാണ് ഒരു ആഴ്ചയോളം നീണ്ടുനിന്ന അതിർത്തി ഏറ്റുമുട്ടലുകൾ ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നത്. ഇതിൽ ഇരുപക്ഷത്തെയും സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഈ രക്തച്ചൊരിച്ചിലിന് താൽക്കാലികമായി വിരാമമിടാനാണ് 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഈ വെടിനിർത്തലാണ് പാകിസ്ഥാൻ വ്യോമാക്രമണത്തിലൂടെ ലംഘിച്ചത്.

Related Articles

Latest Articles