ബോക്സ് ഓഫീസിൽ തിളങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം പഠാനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. പതിറ്റാണ്ടുകൾക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ്ഫുൾ ആയി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.പഠാനെതിരെ നടന്ന ബഹിഷ്കരണാഹ്വാനങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരണവുമായി നേരത്തെതന്നെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് അന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 865 കോടിയാണ് ലോകമെമ്പാടുമായി പഠാൻ നേടിയിരിക്കുന്നത്. ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതിയും പഠാൻ സ്വന്തമാക്കിയിരിക്കുകയാണ്.ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സിദ്ധാർത്ഥ് ആനന്ദ് ആണ്. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്.
ദീപിക പദുകോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പ്രതിനായക വേഷത്തില്‍ എത്തിയിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

