ദില്ലി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് സൈനിക തലവന്മാർ. അഗ്നിപഥ് സ്‌കീം സേനയില്‍ യുവത്വവും അനുഭവപരിചയവും ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതിരോധ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്.ജനറല്‍ അരുണ്‍ പുരി വ്യക്തമാക്കി.
സിയാച്ചിനിലും മറ്റും ജോലിനോക്കുന്ന സൈനികര്‍ക്ക് ലഭിക്കുന്ന അതേ അലവന്‍സുകള്‍ അഗ്നിവീരര്‍ക്കും ലഭിക്കുമെന്നും അരുണ്‍ പുരി അഭിപ്രായപ്പെട്ടു. അടുത്ത നാലഞ്ച് വര്‍ഷത്തിനകം സൈനികരുടെ എണ്ണം 50000-60000 ആക്കും. തുടര്‍ന്ന് 90,000മുതല്‍ ഒരു ലക്ഷംവരെ ഇത് വര്‍ദ്ധിക്കും. ഇപ്പോള്‍ 46,000 പേരെയാണ് ജോലിയ്‌ക്ക് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വരുംകാലത്ത് ഇത് 1.25 ലക്ഷമായി ഉയര്‍ത്തുമെന്ന് ലഫ്. ജനറല്‍ അരുണ്‍ പുരി കൂട്ടിച്ചേർക്കുകയും ചെയ്തു.
ഏറെനാളായി നടപ്പാക്കാന്‍ ചര്‍ച്ച ചെയ്യുന്ന പരിഷ്‌കാരമാണ് അഗ്നിപഥ്. 1999ല്‍ കാര്‍ഗില്‍ യുദ്ധസമയം മുതല്‍ ഇത് ആലോചനയിലുണ്ട്. ‘ഇന്ന് മിക്ക സൈനികരുടെയും പ്രായം അവരുടെ 30കളാണ്. മുന്‍കാലങ്ങളിലെ അപേക്ഷിച്ച് ഓഫീസര്‍മാര്‍ക്ക് വളരെ വൈകിയാണ് അധികാരം ലഭിക്കുന്നത്. മൂന്ന് സേനകളില്‍ നിന്നായി ഒരു വര്‍ഷം 17,600 പേരാണ് നേരത്തെ വിരമിക്കുന്നത്. ഇക്കാര്യം ആരും ഇതുവരെ ചര്‍ച്ച ചെയ്‌തിട്ടില്ല.’ ലഫ്.ജനറല്‍ അരുണ്‍ പുരി പറഞ്ഞു.
അഗ്നിപഥിനെതിരെ പ്രക്ഷോഭത്തിന് പിന്നിലുളളവര്‍ക്ക് സേനയില്‍ ഇടമുണ്ടാകില്ലെന്നും സൈനിക ഓഫീസര്‍മാര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചു.

