Wednesday, May 22, 2024
spot_img

അഗ്നിവീർ; കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെ; രജിസ്ട്രേഷൻ ജൂൺ 24ന്, ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന്

ദില്ലി: അഗ്നിവീർ റിക്രൂട്ട്മെന്‍റ് സ്കീമിലേക്കുള്ള റിക്രൂട്ട്മെന്‍റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചു. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും.

നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും.
മാത്രമല്ല പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്‍റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലാണ് ലഫ്റ്റനന്‍റ് ജനറലിന്‍റെ വിശദീകരണം.

അഗ്നിവീറുകൾക്ക് നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം പറയുന്നതിങ്ങനെ:

സേനയുടെ ശരാശരി പ്രായം കുറയ്ക്കേണ്ടതുണ്ട് എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ചർച്ചയല്ലെന്ന് ലഫ്. ജനറൽ അനിൽ പുരി വ്യക്തമാക്കുന്നു. കാർഗിൽ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചർച്ചയാണിത്. ജനറൽ ബിപിൻ റാവത്തിന്‍റെ നേതൃത്വത്തിൽ രണ്ട് വർഷത്തെ ചർച്ചയ്ക്കു ശേഷം തയ്യാറാക്കിയതാണ് പദ്ധതി.

നിലവിൽ 14,000 പേർ കരസേനയിൽ നിന്ന് ഓരോ വർഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരിൽപ്പലരും സർവീസ് പൂർത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസ്സാണ്. അതിനാൽത്തന്നെ തൊഴിൽ ഇല്ലാതാകും എന്ന വാദത്തിന് അർത്ഥമില്ലെന്നും അനിൽ പുരി പറയുന്നു.

നാൽപ്പത്തിയാറായിരം പേരെ എടുക്കുന്നത് തുടക്കത്തിൽ മാത്രമാണെന്നാണ് അനിൽ പുരി അറിയിക്കുന്നത്. പിന്നീടിത് പ്രതിവർഷം അറുപതിനായിരം മുതൽ ഒന്നേകാൽ ലക്ഷം വരെയാകും. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്മെന്‍റ് ഇല്ലാത്തതിനാൽ നിലവിൽ പദ്ധതി നടപ്പാക്കാൻ നല്ല അവസരമാണെന്നും അനിൽ പുരി വ്യക്തമാക്കുന്നു.

 

11.74 ലക്ഷം മാത്രമല്ല ഒരു അഗ്നിവീറിന്‍റെ വരുമാനം. സർവീസ് അടക്കമുള്ള കാലഘട്ടത്തിലേതും ചേർത്ത് ആകെ ഒരു അഗ്നിവീറിന് 23.24 ലക്ഷം രൂപ വരുമാനം കിട്ടും. സേവനകാലത്തിനിടെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്താൽ ഇൻഷൂറൻസ് സേവാനിധി ഉൾപ്പടെ ഒരു കോടി രൂപയാണ് ഒരു അഗ്നിവീറിന് ആകെ ലഭിക്കുക. സിയാച്ചിനിൽ ഉൾപ്പടെ ജോലി ചെയ്യുന്ന സൈനികർക്ക് കിട്ടുന്ന അതേ തരത്തിലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് അഗ്നിവീറുകൾക്കും ലഭിക്കുക. ഒരു തരത്തിലുള്ള വിവേചനവുമുണ്ടാവില്ല.

വിവിധ മന്ത്രാലയങ്ങളിൽ അഗ്നിവീറുകൾക്ക് നൽകുന്ന സംവരണം നേരത്തേ ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്നും, അക്രമങ്ങളോ സമരങ്ങളോ കണ്ട് നടപ്പാക്കിയതല്ല എന്നും ലഫ്റ്റനന്‍റ് ജനറൽ വ്യക്തമാക്കി. ചില സംസ്ഥാന സർക്കാരുകൾ മടങ്ങിവരുന്ന അഗ്നീവീറുകൾക്കാകെ തൊഴിൽ നല്കും എന്നറിയിച്ചിട്ടുണ്ട്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിന്തുണയ്ക്കും എന്നറിയിച്ചു.

അച്ചടക്കമില്ലെങ്കിൽ സേനയിൽ ഇടമില്ല

അച്ചടക്കമില്ലായ്മയ്ക്ക് സൈന്യത്തിൽ സ്ഥാനമില്ലെന്ന് ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി വ്യക്തമാക്കുന്നു. കോച്ചിംഗ് സെൻററുകളും അക്രമി സംഘങ്ങളും അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അക്രമങ്ങളിൽ പങ്കുള്ളവർക്ക് സേനയിൽ സ്ഥാനമുണ്ടാവില്ല. പ്രതിഷേധങ്ങൾ നിറുത്തി റിക്രൂട്ട്മെൻറിന് തയ്യാറെടുക്കണം.

കപ്പലുകളിലേക്ക് വനിതകളും

അഗ്നിപഥ് പദ്ധതി വഴി കപ്പലുകളിലേക്കും വനിതകളെ നിയമിക്കുമെന്ന് നാവികസേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുന്നു. വനിതകളെ സെയിലർമാരായി നിയമിക്കുമെന്നാണ് അറിയിപ്പ്.

Related Articles

Latest Articles