പട്‌ന: ഹരിയാനയിലും ബിഹാറിലും അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. ഇന്റർനെറ്റിനുള്ള വിലക്കും തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് നടത്തുകയാണ്. അതേസമയം, ഇന്നലെ തെലങ്കാനയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു. പൽവാളിലും , ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. പൽവാളിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അക്രമം നടന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
പ്രതിഷേധങ്ങൾ സമാധാനപരമാകണമെന്നുറപ്പിക്കാൻ പോലീസ് ഡിഫൻസ് അക്കാദമി മേധാവികളുമായി ചർച്ച നടത്തി. അതേസമയം, അഗ്നിപഥിനെതിരായ അക്രമികൾ അഴിച്ച് വിട്ട പ്രതിഷേധ പ്രകടനത്തിനിടെ റെയിൽവേ യാത്രികന് ദാരുണാന്ത്യം. പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്. ഇദ്ദേഹം ട്രയിനിലെ പുക ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീഹാറിലെ ലഖിസരായിലായിരുന്നു സംഭവം. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന പ്രതിഷേധ പ്രഹസനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.

