Saturday, May 4, 2024
spot_img

റിസോര്‍ട്ടില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി; ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പായി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഒരു എംഎല്‍എ ചാടിപ്പോയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതല്‍ ഇയാളെ റിസോര്‍ട്ടില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവരെ താമസിപ്പിച്ച പ്രകൃതി റിസോര്‍ട്ടില്‍ വെച്ച്‌ ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പാട്ടീലിനെ കാണാതായത്.

എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.

അതേ സമയം പ്രതിസന്ധിയിലായ സഖ്യ സര്‍ക്കാരിന് താത്കാലിക ആശ്വാസം നല്‍കി വിമത എംഎല്‍എമാരില്‍ ഒരാള്‍ രാജി പിന്‍വലിക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി അദ്ദേഹം വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മുംബൈയില്‍ തുടരുന്ന മറ്റു വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇവരുടെ പിന്തുണയില്ലാതെ വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ജയിക്കാനാവില്ല.രാവിലെ 11-നു നിയമസഭയില്‍ വിശ്വാസവോട്ട് തേടും. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണു സാധ്യത.

Related Articles

Latest Articles